ഓർമയിൽ സന്തോഷം ശേഖരിക്കാനുള്ള അവസരങ്ങളാണ് വിനോദയാത്രകൾ. ആഹ്ലാദവും സൗഹൃദവും കൈകോർക്കുന്ന നിമിഷങ്ങൾ. ഈ യാത്രകൾക്ക് പഠനത്തിലും വ്യക്തിത്വ വികസനത്തിലും പ്രമുഖ സ്ഥാനമുണ്ട്. എന്നാൽ, ജാഗ്രതയുടെ മിഴികളൊന്നടഞ്ഞാൽ എല്ലാമൊരു കണ്ണീരോർമയാകുമെന്നതു മറക്കരുത്.
കേരളത്തിൽ 12,900ലധികം സ്കൂളുകളിലായി 37 ലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഒരു വർഷം ഏറ്റവും കുറഞ്ഞത് 15,000ത്തിലധികം വിനോദയാത്രകളാണ് നടക്കുന്നത്. ഇന്ത്യയിൽ, റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 66.5% പേരും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ് എന്ന സത്യവും നമ്മുടെ മുന്നിലുണ്ട്.
2022ൽ ഇന്ത്യയിൽ ഏകദേശം 4.6 ലക്ഷത്തിലധികം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവയിൽ 1.68 ലക്ഷത്തിലധികം പേർക്കു ജീവൻ നഷ്ടപ്പെട്ടു. അതായത്, രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഒരാൾ വീതം റോഡപകടങ്ങളിൽ മരിക്കുന്നു. കേരളത്തിൽ റോഡപകടങ്ങളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 31.87% വർധിച്ചു.
ജാഗ്രതാ നിർദേശങ്ങളും നിയമങ്ങളും
സ്കൂൾ വിനോദയാത്രകളിലെ സുരക്ഷയുടെ കടിഞ്ഞാൺ നാലു കൂട്ടരിലാണ്: അധ്യാപകരും സ്കൂൾ അധികൃതരും, വാഹന ഡ്രൈവർ, മാതാപിതാക്കൾ, കുട്ടികൾ. സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാരും മാനേജ്മെന്റുകളും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിയമങ്ങളുമുണ്ട്. യാത്ര തുടങ്ങുംമുമ്പ് ഇവ മനസിലാക്കുന്നത് ഉചിതമായിരിക്കും.
അധ്യാപകർ - സ്കൂൾ അധികൃതർ
സ്കൂൾ അധ്യാപകർ ഈ യാത്രകൾ ഔദ്യോഗിക ഡ്യൂട്ടിയായി കണ്ട് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
ടൂർ കമ്മിറ്റി: വിശദമായ യാത്രാ ഷെഡ്യൂളോടുകൂടി 15 ദിവസം മുമ്പെങ്കിലും വിദ്യാഭ്യാസ ഓഫീസറിൽനിന്ന് അനുമതി തേടുക. അധ്യയനദിവസങ്ങളെ യാത്ര ബാധിക്കരുത്. അനുമതിയുടെയും യാത്രാരേഖകളുടെയും പകർപ്പുകൾ യാത്രയിൽ സൂക്ഷിച്ചിരിക്കണം. സ്കൂൾ, കോളജ് വിദ്യാർഥികളുടെ വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പെങ്കിലും റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) അറിയിക്കണം.
- പ്രധാന നിർദേശങ്ങൾ: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനാണ് യാത്ര സംബന്ധിച്ച് ആർടിഒയെ രേഖാമൂലം അറിയിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു മുമ്പ് വാഹനം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഡ്രൈവർക്ക് മതിയായ പരിചയവും ലൈസൻസും ഉണ്ടായിരിക്കണം. അമിതവേഗത്തിലും അപകടകരമായുമുള്ള ഡ്രൈവിംഗ് എന്നിവ ഒഴിവാക്കണം.
- അനുപാതം: അധ്യാപക-വിദ്യാർഥി അനുപാതം 1:15 ആയിരിക്കണം. പെൺകുട്ടികളുണ്ടെങ്കിൽ അധ്യാപികമാരുടെ സാന്നിധ്യം നിർബന്ധമാണ്. പ്രഥമാധ്യാപകനോ സീനിയറായ അധ്യാപകനോ യാത്രാസംഘത്തെ അനുഗമിക്കേണ്ടതാണ്.
- ഇൻഷ്വറൻസ് & മെഡിക്കൽ: യാത്രയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മതിയായ തുകയുടെ ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുക. യാത്രയിൽ പ്രഥമ ശുശ്രൂഷാ കിറ്റ്, അടിയന്തര മരുന്നുകൾ എന്നിവ ഉറപ്പുവരുത്തണം.
- സ്ഥലപരിശോധന: പഠനയാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ കുട്ടികൾക്ക് സുരക്ഷിതത്വമുള്ള സ്ഥലങ്ങളാണെന്ന് ഉറപ്പുവരുത്തണം. കടൽ, ബീച്ച്, വെള്ളച്ചാട്ടം, കിഴുക്കാംതൂക്കായ മലകൾ, അപകടം നിറഞ്ഞ വനങ്ങൾ, വാഹനങ്ങൾ എത്തിച്ചേരാത്ത സ്ഥലങ്ങൾ എന്നിവ മനസിലാക്കി വേണം സ്ഥലം നിശ്ചയിക്കാൻ. അപകടസാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കണം.
2. ഡ്രൈവർ ശ്രദ്ധിക്കേണ്ടത്
വിനോദയാത്രാപകടങ്ങളിൽ പലപ്പോഴും ഡ്രൈവറുടെ അശ്രദ്ധ പ്രധാന കാരണമാകാറുണ്ട്. സുരക്ഷിതത്വം പ്രധാനമായും വാഹനത്തിന്റെ ഫിറ്റ്നസിലും ഡ്രൈവറുടെ ജാഗ്രതയിലുമാണ്. അവരും ചില കാര്യങ്ങളിൽ കണിശത പുലർത്തണം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്പീഡ് ഗവേണർ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലൈറ്റുകളും ഹോണുകളും, ഫയർ എക്സ്റ്റിംഗ്വിഷർ, ഫസ്റ്റ് എയ്ഡ് കിറ്റ്, എമർജൻസി എക്സിറ്റ് എന്നിവ ഉറപ്പാക്കണം. നിയമവിരുദ്ധ രൂപമാറ്റങ്ങൾ ഒഴിവാക്കുക.
രാത്രി 10 മണി മുതൽ രാവിലെ അഞ്ചു മണി വരെ വാഹനം ഓടിക്കാൻ അനുമതി ഇല്ല. ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വേഗപരിധി കർശനമായി പാലിക്കുക.
ഡ്രൈവർക്ക് ലൈസൻസ് ഉണ്ടെന്നും ഇത്തരം യാത്രകളിൽ മതിയായ പരിചയം ഉണ്ടെന്നും ഉറപ്പുവരുത്തുക. ഡ്രൈവർ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. യാത്രാരേഖകൾ പൂർണമായിരിക്കണം.
3. മാതാപിതാക്കൾ
കൂടെ യാത്ര ചെയ്യുന്നില്ലെങ്കിലും മാതാപിതാക്കളുടെ സജീവമായ പങ്കാളിത്തവും ശ്രദ്ധയും യാത്രയിലുടനീളം ആവശ്യമാണ്.
സമ്മതപത്രവും വിവരങ്ങളും: യാത്രാവിവരങ്ങൾ പൂർണമായി മനസിലാക്കി സമ്മതപത്രം കൃത്യമായി പൂരിപ്പിച്ച് നൽകുക. കുട്ടിയുടെ ആരോഗ്യപരമായ വിവരങ്ങൾ രേഖാമൂലം അധ്യാപകരെയും യാത്രാസംഘത്തെയും അറിയിക്കണം. ആവശ്യമായ മരുന്നുകൾ യാത്രയിൽ കൊണ്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കി അത് എങ്ങനെ, എപ്പോൾ നൽകണം എന്നതിനെക്കുറിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകുകയും ചെയ്യുക. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ മാതാപിതാക്കളുടെയോ മറ്റ് ഉത്തരവാദപ്പെട്ട ബന്ധുക്കളുടെയോ ഫോൺ നമ്പറുകൾ സമ്മതപത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തണം.
ബോധവത്കരണം: യാത്ര പുറപ്പെടുന്നതിനു മുമ്പായി കുട്ടികളുമായി തുറന്നു സംസാരിക്കുകയും യാത്രാവേളയിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും മര്യാദകളെക്കുറിച്ചും അവബോധം നൽകുകയും ചെയ്യുക. യാത്രാവേളയിൽ അധ്യാപകരും യാത്രാസംഘത്തിലെ മറ്റുള്ളവരും നൽകുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക. യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ പരിസ്ഥിതിക്ക് ദോഷകരമാകാത്ത രീതിയിൽ പെരുമാറാനും മാലിന്യം വലിച്ചെറിയാതിരിക്കാനും കുട്ടികളെ പഠിപ്പിക്കുക.
4. കുട്ടികൾ ശ്രദ്ധിക്കേണ്ടത്
പ്രിയ കുട്ടികളേ, നിങ്ങൾ ഈ പ്രായത്തിൽ സാഹസികത ഇഷ്ടപ്പെടുന്നവരാണ്. പുതിയ കാര്യങ്ങൾ കണ്ടെത്താനും അതിരുകൾ ഭേദിക്കാനുമുള്ള നിങ്ങളുടെ ആഗ്രഹം അഭിനന്ദനാർഹമാണ്. എന്നാൽ, സാഹസികതയും അപകടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്ന് ഓർക്കുക.
സൗഹൃദം ഒരു ഉത്തരവാദിത്വമാണ്. എന്തിനും കൂട്ടുനിൽക്കുന്നതല്ല സൗഹൃദം. നിങ്ങളുടെ കൂട്ടുകാരുടെ സുരക്ഷ നിങ്ങളുടെയും കൂടെ ഉത്തരവാദിത്വമാണ്. ഒരുമിച്ചുള്ള ഓരോ തീരുമാനവും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
നിർഭാഗ്യമെന്നു പറയട്ടെ, ചില കുട്ടികളെങ്കിലും ലഹരിപദാർഥങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നത് വിനോദയാത്രകളിലാണ്. ലഹരി ഉപയോഗിക്കാൻ സാഹചര്യങ്ങൾ ഉണ്ടായാൽ ധൈര്യസമേതം ‘നോ’ എന്നുതന്നെ പറയണം.
സുരക്ഷിതമായ യാത്രകൾ മാത്രമേ സന്തോഷത്തിന്റെ പൂർണമായ ഓർമകളും നല്ല പാഠങ്ങളും നൽകുകയുള്ളൂ. നിയമങ്ങളെ മനസുകൊണ്ട് അംഗീകരിച്ച്, ഉണർവോടെയുള്ള വിനോദയാത്രകൾ ആരംഭിക്കാം. വിനോദയാത്രകൾ ‘വിവേക’യാത്രകൾ കൂടിയാകട്ടെ.